Sunday, November 29, 2020

ശേഖരണം (Collection) എന്ന വിനോദം

ഓരോരുത്തരുടെയും ജീവിതത്തിലെ ഒഴിവുവേളകൾ ആനന്ദകരമാക്കാൻ ഏറ്റവും നല്ല ഒരു മാർഗ്ഗം മനസ്സിനിണങ്ങിയ ഒരു വിനോദവൃത്തി (Hobby) ഉണ്ടായിരിക്കുക എന്നതാണ്. അതിൽ ഏറ്റവും പുരാതനവും ജനപ്രിയവുമായ ഒരു വിനോദമാണ് ശേഖരണം (Collection). 


ചരിത്രം.

നേരമ്പോക്കിന് വേണ്ടി വസ്തുക്കൾ സംഭരിച്ചു വെക്കുക എന്ന ആശയം ഏകദേശം 4,000 B.C കാലഘട്ടം മുതൽക്കേ ഉണ്ടായിരുന്നു. അന്നവർ കല്ലിൽ നിർമ്മിതമായ ഉപയോഗശൂന്യമായ ആയുധങ്ങൾ ശേഖരിച്ചു തുടങ്ങി. കാലക്രമേണ മനുഷ്യസംസ്‌കാരത്തിൽ ഈ വിനോദം വ്യത്യസ്ത മേഖലകളിലേക്ക് വ്യാപിക്കപ്പെട്ടു. വിവിധങ്ങളായ കലാസൃഷ്ടികളും വിലകൂടിയതും അപൂർവ്വവുമായ വസ്തുക്കളും ശേഖരിക്കുന്നതിന് ധാരാളം പണച്ചിലവുള്ളതിനാൽ ഈ വിനോദം സമ്പന്നരുടെ ഇടയിൽ മാത്രം പരിമിതപ്പെട്ടു. ഇക്കാരണത്താല്‍ തന്നെ ഏകദേശം 1800-കളുടെ മദ്ധ്യകാലഘട്ടം വരെ ശേഖരണം എന്ന വിനോദം സാധാരണക്കാരന് അപ്രാപ്യമായിരുന്നു. എന്നാല്‍ 20-ആം നൂറ്റാണ്ടായപ്പോഴേക്കും സമ്പന്നരുടെതെന്നോ പാവപെട്ടവരുടെതെന്നോ വ്യത്യാസമില്ലാതെ ഒരു പൊതുവിനോദമായി ഇത് മാറി. സമ്പന്നർ വിലകൂടിയ കലാസൃഷ്ടികളും ഫർണിച്ചറുകളുമാണ് ശേഖരിച്ചിരുന്നതെങ്കിൽ പാവപ്പെട്ടവർ വിലകുറഞ്ഞ നിസ്സാരമായ വസ്തുക്കളാണ് ശേഖരിച്ചിരുന്നത്.

ഏകദേശം ഒരു നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ വളരെ പരിമിതമായ വസ്തുക്കള്‍ മാത്രമേ (സ്ടാമ്പുകള്‍, പുസ്തകങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഓട്ടോഗ്രാഫുകള്‍, നാണയങ്ങള്‍, ചാവികള്‍ മുതലായവ) ആളുകള്‍ ശേഖരിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ഒരു കളക്ടറുടെ ശേഖരണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഇനങ്ങള്‍ എണ്ണമറ്റവയാണ്. ബിയര്‍ കാനുകള്‍, ഫോണ്‍ ബുക്കുകള്‍, തീപെട്ടി കൂട്, ടെലഫോണ്‍ കാര്‍ഡുകള്‍, സ്പൂണുകള്‍ തുടങ്ങി നിസ്സാരമെന്ന് കരുതി ഒഴിവാക്കുന്ന വസ്തുക്കള്‍ പോലും ഒരു കളക്ടറെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതാണ്‌.


'ശേഖരണം' എന്ന വിനോദം കൊണ്ടുള്ള നേട്ടങ്ങള്‍



1) അറിവും വിക്ഞാനവും പ്രദാനം ചെയ്യുന്നു.

ശേഖരിക്കുക എന്നതിനർത്ഥം ശേഖരവസ്തുക്കളുടെ പശ്ചാത്തലം പഠിക്കുക എന്നത് കൂടിയാണ്. അത്തരം വസ്തുക്കളുമായി ബന്ധപെട്ട സമൂഹത്തെകുറിച്ചും, അവരുടെ ജീവിതശൈലി, സംസ്കാരം, രാഷ്ട്രീയം, ചരിത്രം തുടങ്ങി നിരവധി കാര്യങ്ങളുടെ പഠനങ്ങളും ഗവേഷണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം ഗവേഷണങ്ങളില്‍ കൂടി ഒരു കലക്ടര്‍ നേടുന്ന വൈദഗ്ദ്യം രസകരവും അപ്രതീക്ഷിതവുമായ പല കണ്ടെത്തലുകൾക്കും ഒരുപക്ഷേ കാരണമായേക്കാം.

2) ചരിത്രത്തെക്കുറിച്ച് അറിയാനുള്ള ഏറ്റവും നല്ല മാർഗ്ഗം.

മണ്മറഞ്ഞു പോയ ഒരു കാലഘട്ടത്തെയും അന്നത്തെ ജനങ്ങളെയും അവരുടെ ജീവിതശൈലിയുമെല്ലാം നമ്മുടെ ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ട് വരാന്‍ ഒരു പുരാവസ്തു കലക്ടുടെ ശേഖരണത്തിനു സാധിക്കും. മാത്രമല്ല കഴിഞ്ഞു പോയ ഒരു തലമുറയുടെയും ഇന്നത്തെ തലമുറയുടെയും അഭിരുചികള്‍ക്കും കഴിവുകള്‍ക്കുമിടയിലുള്ള ഒരു പാലമായി വര്‍ത്തിക്കാന്‍ ഇത്തരം ശേഖരങ്ങള്‍ സഹായകമാകുന്നു.

3) ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും ചിട്ടയോടെ ക്രമീകരിക്കുവാനുള്ള വൈദഗ്ദ്ധ്യം നേടാന്‍ സഹായിക്കുന്നു.

പല തരം വസ്തുക്കള്‍ വെറുതെ ഒരു മൂലയില്‍ കൂട്ടി വെക്കുന്ന വ്യക്തിയെ ഒരു കലക്ടര്‍ ആയി പരിഗണിക്കാന്‍ സാധിക്കില്ല. വെറുതെ വാരിക്കൂട്ടി സംഭരിക്കുന്നതില്‍ നിന്നും ശേഖരണത്തെ വ്യത്യസ്തമാക്കുന്നത് ഇതിന്‍റെ ചിട്ടയോടെയുള്ള പരിപാലനമാണ്‌.

ഒരു കലക്ടര്‍ തന്റെ ശേഖരത്തിലെ വിവിധ വസ്തുക്കളെ പറ്റി ധാരാളം സമയം ചിലവഴിച്ചു ആഴത്തില്‍ പഠനം നടത്തുകയും അതിനോടനുബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും കൃത്യമായി രേഖപ്പെടുത്തുകയും ചിട്ടയോടെ ക്രമീകരിക്കുകയും ചെയ്യുന്നു. അങ്ങിനെയൊരു വ്യക്തിക്ക് തന്‍റെ പഠനത്തിലും ജോലിയിലും മറ്റും ഈ കഴിവ് ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കാന്‍ സാധിക്കും. പ്രത്യേകിച്ച് പരീക്ഷകള്‍ക്കായി പഠിക്കുമ്പോഴും ജോലി/പഠന സംബന്ധമായ വിവിധ പ്രോജക്ടുകളും റിപ്പോര്‍ട്ടുകളും തയ്യാറാക്കുമ്പോഴും ഈ വൈദഗ്ദ്യം (Organizational skill) സഹായകമാകുന്നു.

4) മനശാന്തി ലഭിക്കുവാനും ഒഴിവു സമയം ഫലപ്രദമായി ചെലവഴിക്കുവാനും സഹായിക്കുന്നു.

ശേഖരണം (Collection) വിനോദമായുള്ള ഒരു വ്യക്തിക്ക് കൂടുതൽ ചിട്ടയോടെയുള്ളതും ആഹ്ളാദപൂർണ്ണവുമായ ഒരു ജീവിതം നയിക്കാൻ സാധിക്കും. ഇത് മനസ്സിൻ്റെ പിരിമുറുക്കം ലഘൂകരിക്കുന്നതിനും (stress-relieving) ദൈനംദിനജീവിതത്തിലെ വിരസത അകറ്റുന്നതിനും ഒരു പരിധി വരെ സഹായകമാകുന്നു. ശേഖരണം അപൂർവ്വമായതോ, അസാധാരണമായതോ, വിചിത്രമായതോ എന്തുമാവട്ടെ, തന്നിലെ ആത്മാഭിമാനം വർധിപ്പിക്കാനും സമൂഹത്തിൽ ശ്രദ്ധിക്കപ്പെടുവാനും ഈ വിനോദം നിങ്ങളെ സഹായിക്കുന്നു.

5) പുതിയ സൗഹൃദങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നു.

ശേഖരണം എന്ന വിനോദം സമൂഹത്തിലെ വിവിധ തുറകളിലെ സമാന ചിന്താഗതിക്കാരായ വ്യക്തികളുമായി ബന്ധം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു. ഇത്തരം സൗഹൃദങ്ങള്‍ ശേഖരണത്തെക്കുറിച്ചുള്ള അറിവുകള്‍ പരസ്പരം പങ്കു വക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നു.

6) പണം സമ്പാദിക്കാം. ഇതൊരു നല്ല നിക്ഷേപമാണ്.

മറ്റ് പല നിക്ഷേപങ്ങളെപ്പോലെ ശേഖരവസ്തുക്കളും ഒരു നിക്ഷേപമാണ്.ശേഖരിക്കാൻ തിരഞ്ഞെടുക്കുന്ന വസ്തുക്കളില്‍ ശ്രദ്ധാലുവാണെങ്കിൽ ഇതിലെ ലാഭസാധ്യതകൾ വളരെ മികച്ചതാണ്. ശേഖരിക്കുന്ന വസ്തുക്കള്‍ ഒഴിവാക്കണമെന്ന് നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ നിക്ഷേപിച്ച പണം വന്‍ ലാഭത്തോട് കൂടി നിങ്ങൾക്ക് തിരികെ ലഭിക്കുന്നു. 

മാത്രമല്ല, വ്യക്തിപരമായ കളക്ഷനുകള്‍ നിലനിര്‍ത്തി അധികം വരുന്ന സാധനങ്ങള്‍ ആവശ്യക്കാരെ കണ്ടെത്തി വിറ്റഴിച്ചും നമുക്ക് പണം സമ്പാദിക്കാം. ഇതിനു ഓണ്‍ലൈനിനും അല്ലാതെയും ധാരാളം വേദികള്‍ ഇന്ന് നിലവിലുണ്ട്.


No comments:

Post a Comment